1955 ൽ കാലം മാറുന്നു എന്ന സിനിമയിലെ "ആ മലർ പൊയ്കയിൽ...' എന്ന ഗാനത്തിലൂടെയാണ് മലയാള സിനിമാ ലോകത്ത് ഒഎൻവി പദമൂന്നുന്നത്. തലമുടി നടുവിലൂടെ പകുത്ത്, ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരിയുമായെത്തിയ യുവ കവിയുടെ കൈ പിടിച്ച് ഒപ്പം വന്നത്, മെലിഞ്ഞ് നീണ്ട, ഇരുണ്ട നിറമുള്ള ഒരു യുവാവായിരുന്നു. അക്കാലത്ത് കർണാടക സംഗീത കച്ചേരികൾ നടത്തിയിരുന്ന ചെറുപ്പക്കാരന്റെ പേരു പരവൂർ ദേവരാജൻ.
ഇരുവരും ചേർന്ന് മലയാള നാടക ലോകത്തിനു സമ്മാനിച്ച "പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ...' അന്ന് കേരളമാകെ അലയടിക്കുകയാണ്. കാലം മാറിയപ്പോൾ യുവ കവിയും സംഗീതസംവിധായകനും "നാളെയുടെ ഗാട്ടുകാരായി..' ഇതിഹാസങ്ങളായി. എത്രയെത്ര അനശ്വര ഗാനങ്ങളാണ് പിന്നീട് ഒന്നിച്ച് ചേർന്ന് ഇവർ സ്യഷ്ടിച്ചത്! കെ.രാഘവൻ, ദക്ഷിണാമൂർത്തി, ബാബുരാജ്, എം.കെ. അർജുനൻ, സലിൽ ചൗധരി, എം.ബി.എസ്, ബോംബെ രവി... അങ്ങനെ എത്രയോ സംഗീത പ്രതിഭകൾ പിന്നെ ഒഎൻവിയുമായി കൈകോർത്തൂ.അത് മലയാളത്തിന്റെ പൊൻ വസന്തകാലം!
രണ്ടാംനിരയിലെ സംഗീത സംവിധായകരിൽ ജോൺസൻ, ശ്യാം, എം.ജി.രാധാകൃഷ്ണൻ, രവീന്ദ്രൻ... അങ്ങനെ നീണ്ട ഗാന കൂട്ടായ്മകൾ. മോഹൻ സിത്താരയും, എം. ജയചന്ദ്രനും ആറ് പതിറ്റാണ്ടുകൾ നിലയ്ക്കാത്ത ആ ഗാന സപര്യയിൽ ഇഴചേർന്നു.നാലു തലമുറകളുടെ കാതിൽ തേൻമഴയായി ഒഎൻവി മാറി...
"പൊയറ്റിക്കൽ ജീനിയസ് 'എന്ന് പ്രഫ. ഒഎൻവി കുറുപ്പിനെ വിശേഷിപ്പിച്ചത് പ്രശസ്ത സാഹിത്യ നിരൂപകൻ കെ.പി. അപ്പനാണ്. അക്ഷരാർഥത്തിൽ സത്യമാണത്. ജ്ഞാനപീഠം കയറിയ, വിശ്വമാനവികതയുടെ കവി യുടെ ചലച്ചിത്ര ഗാനങ്ങൾ കവിയെ സാധാരണക്കാരായ ആസ്വാദകരുടെ ഹൃദയത്തിൽ തുന്നിച്ചേർത്തു! ഐടി പ്രഫഷണലും ഓട്ടോ റിക്ഷ തൊഴിലാളിയും ഇന്ന് ഒരു പോലെ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ... എന്ന ഗാനം കേട്ട് ആത്മ നിർവൃതി കൊള്ളുന്നുണ്ട്. ടെറസിൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിക്കിടന്ന് "അരികിൽ നീയുണ്ടായിരുന്നെങ്കിൽ...' എന്ന ഗാനം മൊബൈൽ ഫോണിലൂടെ കേൾക്കുന്നുമുണ്ട്!
പ്രണയത്തെ ഇത്രമാത്രം മൃദുലമാക്കിയ മറ്റൊരു ഗാനരചയിതാവ് ഉണ്ടോ എന്ന് സംശയമാണ്. വയലാറിന്റെയും പി. ഭാസ്കരന്റെയും ശ്രീകുമാരൻ തമ്പിയുടെയും അനശ്വര പ്രണയ ഗാനങ്ങൾ മറന്നു കൊണ്ടല്ല. എങ്കിലും പറയാതെ വയ്യ. ഒരു സോഫ്ട് ടച്ച് ഉണ്ട് ഒ.എൻ.വി യുടെ പ്രണയ ഗാനങ്ങളിൽ... അതായത് "നഖമുനകൾ' ഇല്ല എന്നു പറയാം.
ഒഎൻവി തന്നെ എഴുതിയതു പോലെ "തരള കപോലങ്ങൾ നുള്ളി നോവിക്കാതെ... തഴുകാതെ നോക്കി നില്ക്കുന്ന' പ്രണയ സാന്ദര്യം.
പ്രണയിനിയുടെ ആത്മാവിനെ സ്പർശിക്കുന്നതു കൊണ്ടുതന്നെയാവും ഇങ്ങനെയുള്ള നോക്കി നിൽക്കൽ മനോഹരങ്ങളായ പല ഒഎൻവി ഗാനങ്ങളിലുമുണ്ട്.
എം.ജി.ശ്രീകുമാർ പാടിയ പൂമകൾ വാഴുന്ന കോവിലിൽ.. എന്ന ഗാനം തന്നെ എടുക്കാം...
"കന്നിത്തെളി മഴ പെയ്ത നേരം
എന്റെ മുന്നിൽ നീ ആകെ കുതിർന്നു നിന്നു
നേർത്തൊരു ലജ്ജയാൽ മൂടിയോരാ
മുഖം ഓർത്ത് ഞാനും കുളിരാർന്നു നിന്നു...'
നീണ്ട വരൾച്ചയ്ക്കു ശേഷം പെയ്ത കന്നിമഴയിൽ ആകെ കുതിർന്ന്, കാമുകനു മുന്നിൽ നില്ക്കുകയാണ് കാമുകി എന്നറിയുക. ലജ്ജ കൊണ്ട് മൂടിയ കാമുകിയുടെ മുഖം ഓർത്ത് കുളിരണിയുന്ന കാമുകനെയാണ് ഇവിടെ നമ്മൾ കാണുന്നത്. ( മച്ചകങ്ങളിലെ മഞ്ജുശയ്യയിൽ തന്റെ ഹൃദയ ചക്രവർത്തിനിയെ ലജ്ജ കൊണ്ട് മൂടുന്ന വയലാറിനെ ഇവിടെ ഓർമിക്കാം) അതുപോലെ "ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി നീ യെൻ ഋതു ദേവതയായി അരികിൽ നില്ക്കെ..'എന്നെഴുതുവാനും ഒരു പക്ഷേ ഒരേ ഒരു ഒഎൻവി മാത്രം!
ആഴത്തിൽ പഠിക്കേണ്ടതാണ് ഒഎൻവി യുടെ പ്രണയഗീതികൾ. പ്രത്യേകിച്ചും പ്രണയമെന്നാൽ ശരീര തൃഷ്ണകൾ മാത്രം ആണെന്ന് പലരും കരുതുന്ന പുതിയകാല ജീവിത സാഹചര്യത്തിൽ!
അമ്പതുകളുടെ കൃത്യം മധ്യത്തിൽ "ആ മലർ പൊയ്കയിൽ ആടിക്കളിക്കുന്ന കോമളത്താമര പൂവിനെ' കുറിച്ചെഴുതിയ അതേ പ്രണയഭംഗിയോടെയാണ് 2016 ലും ഒഎൻവി എഴുതിയത്. കാ ബോജി എന്ന ചിത്രത്തിൽ എം. ജയചന്ദ്രന്റെ സംഗീതത്തിലെ "നട വാതിൽ തുറന്നില്ല...' ഉൾപ്പെടെയുള്ള ഗാനങ്ങൾ ഒഎൻവിയുടെ ജീവിതത്തിലെ അവസാന നിമിഷങ്ങളിലാണ് ഉയിർകൊണ്ടത്!